Last week
പടിയിറങ്ങുന്നു..... അധ്യാപന അനുഭവങ്ങളുടെ ആദ്യ ഗഡു പകർന്നു തന്ന വിദ്യാലയത്തിൽ നിന്നും.. ഇനിയും വിശാലമായ, ഇതിലും ആർദ്രമായ പാഠങ്ങളിലെ ഏടുകളിലേക്ക്....
അധ്യാപക പരിശീലനത്തിന്റെ അവസാന ആഴ്ച പ്രതീക്ഷിച്ച പോലെ ഏറെ വൈകാരികം ആയിരുന്നു. ആഴ്ചയിലെ ആദ്യ ദിവസം (15/08/23)ന്സ്കൂ ളിൽ സ്വാതന്ത്ര്യദിനാഘോഷവും പുതുതായി പണി കഴിച്ച ബഹുനില കെട്ടിടത്തിന്റെ ഉത്ഘാടനവും ആയിരുന്നു. ഉത്ഘാടനം ചെയ്യാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവന്‍കുട്ടി എത്തുന്നതിനാൽ വിപുലമായ മുന്നൊരുക്കം നടത്തിയിരുന്നു. രാവിലെ 8 30 ന് തന്നെ സ്കൂളിൽ എത്തി. സ്വാതന്ത്ര്യദിന ഘോഷയാത്ര കിളിമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും തിരികെ സ്കൂളിലേക്കും ഉണ്ടായിരുന്നു. SPC, NCC, JRC, Scout എന്നിവയുടെ ഭാഗമായ കുട്ടികളുൾപ്പെടെ മുന്നൂറോളം കുട്ടികൾ ഘോഷയാത്രയില്‍ അണിനിരന്നു. കുട്ടികളെ നിയന്ത്രിച്ചും ഗതാഗതം നിയന്ത്രിച്ചും ഘോഷയാത്രയോടൊപ്പം നടന്നു. പത്തരയോടെ ഘോഷയാത്ര സ്കൂളിൽ സമാപിച്ചു. ശേഷം മന്ത്രിയെ വരവേറ്റു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പായസം വിതരണവും ഉണ്ടായിരുന്നു.
ചൊവ്വാഴ്ച KPSTA യുടെ ക്വിസ് മത്സരത്തിലേക്ക് സ്കൂൾ തല മത്സരം നടത്തിയിരുന്നു. സ്കൂൾ അധ്യാപകരോട് ഒപ്പം ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. ഓണ പരീക്ഷയ്ക്ക് ആവശ്യമായ പാഠ ഭാഗങ്ങൾ കഴിഞ്ഞ ആഴ്ചയിൽ തന്നെ പഠിപ്പിച്ച് കഴിഞ്ഞിരുന്നു. അതിനാൽ ഈ ആഴ്ചയിൽ, പഠിപ്പിച്ച പാഠഭാഗങ്ങളിലെ പ്രധാനപെട്ട കാര്യങ്ങൾ, അധിക വിവരങ്ങൾ, പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കി.
19/08/2022 വെള്ളിയാഴ്ച സ്കൂളിലെ അവസാന ദിവസം ആയിരുന്നു. എല്ലാ അധ്യാപകര്‍ക്കും, കുട്ടികള്‍ക്കും മധുരം വിതരണം ചെയ്തു. അധ്യാപക വിദ്യാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് ഹെഡ്മാസ്റ്ററീന് ഉപഹാരം സമര്‍പ്പിച്ചു. സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ ഞങ്ങള്‍ക്ക് ഔദ്യോഗിക യാത്രയയപ്പ് നല്‍കി. ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ Dr. അനില്‍ കുമാര്‍ സർ, സ്റ്റാഫ് സെക്രട്ടറി ഉന്മേഷ് സർ, ഇസ്ഹാഖ് സർ, ദീപ്തി ടീച്ചർ, ദീപ ടീച്ചർ, ജയകുമാര്‍ സർ തുടങ്ങി അധ്യാപകര്‍ ചടങ്ങില്‍ സംസാരിച്ചു. മറുപടി പ്രസംഗം ആയി ഞാൻ സ്കൂളിനും അധ്യാപകര്‍ക്കും നന്ദി പ്രകാശനം ചെയതു. ക്ലാസില്‍ എത്തി കുട്ടികളോട് യാത്ര പറഞ്ഞ നിമിഷങ്ങൾ വൈകാരികമായിരുന്നു.
നാല് മണിയുടെ ദേശീയഗാനത്തോടൊപ്പം അധ്യാപക പരിശീലനത്തിന്റെ രണ്ടാം ഘട്ടം പര്യവസാനിച്ചു. അഞ്ച് വർഷത്തെ വിദ്യാർത്ഥി ജീവിതം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സ്കൂളിൽ നിന്ന് പടിയിറങ്ങിയപ്പോൾ അനുഭവപ്പെട്ട പോലെരു നീറ്റലുമായി സ്കൂളിന്റെ പടി കടന്ന് ഇറങ്ങി,ഒരിക്കല്‍ ഒരു അധ്യാപകനായി ഇതേ സ്കൂളിലേക്ക് വീണ്ടും കടന്ന് വരും എന്ന പ്രതീക്ഷയില്‍...
Comments
Post a Comment