08/08/2022 to 12/08/2022
നാലാം സെമസ്റ്ററിന്റെ ഭാഗമായുള്ള മുപ്പത് ലെസൺ പ്ലാനുകളും നാല് teacher observations ഈ ആഴ്ചയോടെ പൂര്‍ത്തിയായി.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ ഒരു ദിവസം രസതന്ത്ര ലാബില്‍ കൊണ്ട് വന്ന് ക്ലാസ് എടുത്തു. ലാബില്‍ വരാൻ കഴിഞ്ഞതിൽ കുട്ടികൾ സന്തുഷ്ടരായിരുന്നു. പരമാവധി പരീക്ഷണങ്ങൾ കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു. ഒന്‍പതാം ക്ലാസില്‍ Diagnostic test നടത്തി. ചോദ്യങ്ങള്‍ പ്രിന്റ് എടുത്ത് നല്കി കുട്ടികളുടെ ഉത്തരം ആ കടലാസ്സില്‍ തന്നെ രേഖപ്പെടുത്തി വാങ്ങി. Diagnostic chart പൂര്‍ത്തിയാക്കി analysis ചെയതു അടുത്ത ആഴ്ചയില്‍ remedial ക്ലാസിന് ആവശ്യമായ ഭാഗം കണ്ടെത്തി.
പതിവ് ഉച്ചഭക്ഷണ വിതരണ ചുമതലകളും അച്ചടക്ക ചുമതലകളും ഉണ്ടായിരുന്നു. അതിനു പുറമേ, വ്യാഴാഴ്ച അധ്യാപകര്‍ക്ക് മീറ്റിംഗ് നടക്കുന്ന സമയം ക്ലാസുകളില്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ കുട്ടികൾ ക്ലാസില്‍ അനാവശ്യമായി ഇറങ്ങി നടക്കുന്നത് ഒഴിവാക്കാൻ ആയി എല്ലാ അധ്യാപക വിദ്യാര്‍ത്ഥികളും ഓരോ കെട്ടിടത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ കായിക അധ്യാപിക നിര്‍ദേശിച്ചു. പത്താം ക്ലാസുകൾ ഉള്‍പ്പെടുന്ന പ്രധാന കെട്ടിടത്തിന്റെ അച്ചടക്ക ചുമതല എനിക്കായിരുന്നു. കുട്ടികൾ ക്ലാസ് മുറിക്ക് പുറത്ത് ഇറങ്ങി നടന്ന അവസ്ഥയില്‍ നിന്നും എല്ലാ കുട്ടികരളെയും അവരവരുടെ ക്ലാസുകളില്‍ കയറ്റി. പതിനൊന്ന് പത്താം ക്ലാസുകൾ ഉള്‍പ്പെടെ പതിനേഴ് ക്ലാസ് മുറികള്‍ ഉള്ള വലിയ കെട്ടിടത്തിലെ ഒന്നര മണിക്കൂറോളം വേണ്ടി വന്ന അച്ചടക്ക പരിപാലനം എന്ന വലിയ ദൗത്യം വിജയകരമായി ചെയ്യാൻ സാധിച്ചു എന്നതിൽ ആത്മാഭിമാനം തോന്നി. പത്താം ക്ലാസിൽ പഠിപ്പിക്കാന്‍ അവസരം കിട്ടാറില്ല എങ്കിൽ പോലും അധ്യാപകന് എന്ന നിലയില്‍ കുട്ടികള്‍ നല്കിയ ബഹുമാനവും അനുസരണയും സന്തോഷം നല്കി.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശ്രീ നാരായണ ട്രെയിനിങ് കോളേജിന്റെയും കിളിമാനൂര്‍ ഗവ. എച്ച്. എസ് എസിന്റെയൂം സംയുക്ത ആഭിമുഖ്യത്തില്‍ സ്കൂൾ കുട്ടികള്‍ക്കായി സ്വാതന്ത്ര്യ ക്വിസ് മത്സരവും പോസ്റ്റർ രചനാ മത്സരവും നടത്തി. 12/08/2022 വെള്ളിയാഴ്ച ആണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ക്വിസ് മത്സരത്തില്‍ നൂറോളം കുട്ടികൾ ആദ്യ റൗണ്ടില്‍ പങ്കെടുത്തു. പത്ത് ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ ആദ്യ ഘട്ടത്തില്‍ മികവ് കാണിച്ച പതിനഞ്ചു കുട്ടികളെ അടുത്ത റൗണ്ടിലേക്ക് തെരഞ്ഞടുത്തു. പോസ്റ്റർ രചന മത്സരം യു. പി വിഭാഗവും എച്ച്. എസ്സ് വിഭാഗവും പ്രത്യേകം മത്സരം ഉണ്ടായിരുന്നു. എല്ലാ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികള്‍ക്ക് ബഹു. ഹെഡ്മാസ്റ്റർ ഉപഹാരം വിതരണം ചെയതു.
ക്വിസ് മത്സരത്തില്‍ ക്വിസ് മാസ്റ്ററുടെ ചുമതല എനിക്ക് നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു. ആസൂത്രണവും തയ്യാറെടുപ്പുമായി ചിലവഴിച്ച സമയം പരിപാടികളുടെ വിജയത്തോടെ അര്‍ത്ഥവത്തായി. സ്വതന്ത്ര്യ ദിനത്തില്‍ സ്കൂളിൽ നടക്കുന്ന ബഹു. വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന ഉത്ഘാടന ചടങ്ങില്‍ അധ്യാപകര്‍ക്ക് ഒപ്പം ഞങ്ങള്‍ക്കും ഓരോ ചുമതല നല്കി. ചുമതലയുമായി ബന്ധപ്പെട്ട വിവരങ്ങൾ അധ്യാപകരിൽ നിന്നും മനസ്സിലാക്കി. അധ്യാപക പരിശീലനത്തിന്റെ അവസാന ആഴ്ചയിലേക്ക് കടക്കവേ ഇഷ്ടപ്പെട്ട ഒരു ലോകം ഉടൻ നഷ്ടപ്പെടുന്നുവെന്ന നിരാശയും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ അധ്യാപക പരിശീലനവുമായി താരതമ്യം ചെയ്യുമ്പോൾ അധ്യാപകന് എന്ന നിലയില്‍ കൂടുതൽ സാധ്യതകളും അവസരങ്ങളും അനുഭവങ്ങളും കൈവന്ന ഒരു പരിശീലനം ഇത് തന്നെയായിരുന്നു എന്ന് നിസംശയം പറയാം.
Comments
Post a Comment